തൊടുപുഴ: വണ്ണപ്പുറം ടൗണിനടുത്തുള്ള സ്കൂളില്‍ പഠിക്കുന്ന നേപ്പാള്‍ സ്വദേശിനിയായ അഞ്ചാം ക്ലാസുകാരിയെ ബന്ധുവെന്ന് പറഞ്ഞെത്തിയ യുവതിയും സഹോദരനെന്ന് പറയപ്പെടുന്ന യുവാവും ചേര്‍ന്ന് ഇന്നലെ രാവിലെ ക്ലാസ് സമയത്ത് വിളിച്ചുകൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത. സംശയം തോന്നിയ സ്കൂള്‍ അധികൃതര്‍ കാളിയാര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയ സ്കൂട്ടര്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും യുവതിയേയും യുവാവിനെയും ഉച്ചയോടെ ആനയാടികുത്തിനു സമീപത്തുനിന്ന് കണ്ടെത്തി.
വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവരെ പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷം കുട്ടിയെ സ്കൂള്‍ അധികൃതര്‍ക്കൊപ്പം വിട്ടയച്ചു. ഇതിനു മുന്‍പ് ഒരു ദിവസം ഇതേ യുവതി ഈ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് കൊണ്ടുപോയിരുന്നതായി പറയുന്നു. പ്രദേശവാസിയായ യുവതിയും യുവാവും ബന്ധുവാണെന്ന് പറഞ്ഞ് എന്തിനാണ് നേപ്പാള്‍ സ്വദേശിനിയായ കുട്ടിയെ സ്കൂള്‍ സമയത്ത് വിളിച്ചുകൊണ്ടുപോയത് എന്നത് സംബന്ധിച്ചാണ് അവ്യക്തത തുടരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ പഞ്ചായത്ത് പരിധിയിലെ ഒരു ഫാമില്‍ ജോലി ചെയ്യുന്നവരാണ്.
സംഭവം സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അറിയിച്ചിട്ടുണ്ടെന്നും അവരുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്നും കാളിയാര്‍ പോലീസ് പറഞ്ഞു.